Friday 4 May 2012

വിശാഖപട്ടണം, പുരി, ഗയ, അലഹബാദ്, പ്രയാഗ, കാശി, സാരനാഥ്, ഹരിദ്വാര്‍  ഋഷികേശ്, ഡെറാഡൂണ്‍ , ഡെല്‍ഹി, മഥുര, ആഗ്ര ........ യാത്രാനുഭവങ്ങള്‍
    

   മേടമാസത്തിലെ കത്തുന്ന വെയിലില്‍ ഈറോഡ് റെയില്‍വേ സ്റ്റഷനില്‍ ഐ.ആര്‍ .സി.ടി.സിയുടെ ടൂറിസ്റ്റ് ട്രെയിനിനായി കണ്ണും നട്ടിരിക്കുന്പോള്‍ പുറപ്പാടിന്‍റെ ലഹരിയിലായിരുന്നു ഞങ്ങള്‍ . ആന്ധ്ര പ്രദേശിലെ വിശാഖപട്ടണം, ഒറീസയിലെ കൊണാര്‍ക്ക് , പുരി,   ബീഹാറിലെ ഗയ,  യു.പി.യിലെ കാശി, അലഹബാദ്, പ്രയാഗ് സാരനാഥ്, ആഗ്ര , മഥുര, ഉത്തര്‍ഖണ്ഡിലെ ഹരിദ്വാര്‍ ഋഷികേശ്, ഡെറാഡൂണ്‍ ന്യൂഡെല്‍ഹി അങ്ങനെ അങ്ങനെ നിരവധി സ്ഥലങ്ങള്‍ കാണാനുളള ആവേശം മനസ്സിനെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. മധുരയില്‍ നിന്ന്പുറപ്പെടുന്ന സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനില്‍ ഞങ്ങള്‍ക്കായി സീറ്റ് റിസര്‍വ്വ് ചെയ്തിരുന്നു.    പാലക്കാട് കലക്ടറേറ്റിലെ സാബു, പ്രശാന്ത്, റവന്യൂ റിക്കവറി ഓഫീസിലെ ഷാജു, അഗളി സബ്ബ് രജിസ്റ്ററാര്‍ ഓഫീസിലെ സഞ്ചീവ് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസിലെ ദേവകി അവരുടെ അമ്മായി അമ്മ,  തൃശൂര്‍ ഫെഡറല്‍ ബാങ്കിലെ മണികണ്റന്‍  ഇവരായിരുന്നു ടീം അംഗങ്ങള്‍ .
        രാത്രി 9-30 ന് ഈറോഡില്‍ നിന്ന് ഞങ്ങളുടെ സ്പെഷ്യല്‍ ട്രെയിന്‍ കാവേരി നദിയും കടന്ന് പാണ്ഡിനാടന്‍ ഗ്രാമങ്ങളിലെ ഇരുളിനെ കീറിമുറിച്ച്കുതിച്ചുപായുന്പോള്‍ 485 യാത്രക്കാര്‍ക്കിടയില്‍ ഞങ്ങളും അലിഞ്ഞു ചേര്‍ന്നു. ചെന്നൈ സെന്‍ട്രലിലെത്തുന്പോള്‍ കിഴക്ക് വെളളകീറിതുടങ്ങിയിരുന്നു. വീണ്ടും യാത്ര. ആന്ധ്രയുടെ മണ്ണിലേക്ക് കാലെടുത്തുവച്ച വണ്ടി വിജനവും വിശാലവുമായ കൃഷിയിടങ്ങളിലൂടെ കുതിച്ചു. കരള്‍ വാടിപ്പോകുന്ന ആ കൊടുംചൂടിലും മണ്ണിനോട് മല്ലിട്ട് പൊന്നു വിളയിക്കുന്ന ആന്ധ്രാ കര്‍ഷകനോട് ആദരവ് തോന്നി. നെല്ലൂര്‍ ,ഗുഡൂര്‍ , വിജയവാഡ.... സ്റ്റേഷനുകളായ സ്റ്റേഷനുകളൊക്കെ കയറിയിറങ്ങി ത്രിസന്ധ്യയ്ക്ക് അന്ധ്രയിലെ രണ്ടാമത്തെ വലിയ നഗരമായ വിശാഖപ്പട്ടണത്തിലെ മണ്ണില്‍ കാല്‍കുത്തിയപ്പോള്‍ ബംഗാള്‍ ഉള്‍ക്ക‍ടലില്‍ നിന്നുളള തണുത്ത കാറ്റ് ഞങള്‍ക്ക് സ്വാഗതമരുളി. രണ്ടാഴ്ച ദൈര്‍ഘ്യമുളള ഭാരതപര്യടനത്തിന് ഇവിടെ ഗണപതികുറിക്കുകയായി. ഇന്ന് യാത്രക്ക് ഇവിടെ താല്‍ക്കാലിക വിരാമം. വിശാഖപ്പട്ടണത്തിലെ കണ്ണഞ്ചിപ്പിക്കുന്ന സ്റ്റേഷനില്‍  കാത്തു നിന്ന 12 ബസുകള്‍ ഞങ്ങളെ ഒരു ഡോര്‍മെട്രിയിലെത്തിച്ചു.
       .ആര്‍ .സി. ടി.സി. യുടെ രുചികരമായ പ്രഭാത ഭക്ഷണവും കഴിച്ച് രാവിലെ 9 മണിക്ക്ഞങ്ങള്‍ തൊട്ടടുത്തുളള മലമുകളിലെ ക്ഷേത്രത്തിലേയ്ക്ക് നീങ്ങി. നരസിംഹമൂര്‍ത്തി പ്രതിഷ്ടയുളള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ സിംഹാചലം ക്ഷേത്രമായിരുന്നു അത്. ആന്ധ്രാക്കാര്‍ും ഒറീസാകാര്‍ക്കും പ്രയപ്പെട്ടതാണത്രെ ആ ക്ഷേത്രം. ഉച്ചയക്ക് കൈലാസഗിരി എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക്. മാമലയും സാഗരവും പരസ്പരം താലോലിക്കുന്ന അപൂര്‍വ്വ സ്ഥലം. ഭാവനയും ടെക്നോളജിയും കൈകോര്‍ത്തപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി ഇവിടെ ജന്മമെടുത്തത് ഒരു പറുദീസയാണ്. വിശാഖപട്ടണത്തിന്‍റെ വിഹഗവീക്ഷണം ഈ മലമുകളില്‍ നിന്ന് ലഭിയ്ക്കും. വൈകുന്നേരം ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമായ വിശാഖപ്പട്ടണത്തെ കടല്‍തീരത്തെത്തി. ബംഗാള്‍ ഉള്‍ക്കടലിന്‍റെ മനോഹാരിത അനുഭവിച്ചറിഞ്ഞു .
       സന്ധ്യയോടെ ഞങ്ങളുടെ പ്രിയപ്പെട്ട വണ്ടിയില്‍ ചേക്കേറി. വീണ്ടും പ്രയാണം. നേരം പുലര്‍ന്നപ്പോള്‍ ആന്ധ്രാപ്രദേശിനോട് പിണങ്ങി വണ്ടി ഒറിസയിലെ പുരിയിലെത്തിയിരുന്നു. മാവും പ്ളാവും പനകളും നിറഞ്ഞ ഒറീസയിലെ പുരയിടങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തി. കുഴല്‍മന്ദം വഴി ആലത്തൂരിലേക്ക് പോവുകയാേണാ എന്ന് തോന്നിപ്പോയി. ഒറിയ ഭാഷയിലെഴുതിയ ബോര്‍ഡുകള്‍ ഇത് കേരളമല്ലെന്ന് ഓര്‍മ്മിപ്പിച്ചു. പുരിയിലെത്തുന്പോള്‍ ഉച്ചയായിരുന്നു. പുരിയിലെ ഗ‍ൗഡിയാര്‍ മംത്തില്‍ ഞങ്ങള്‍ക്കായി മുറികളുണ്ടായിരുന്നു. ഉച്ചയക്ക് വിശ്വപ്രസിദ്ധമായ കൊണാര്‍ക്ക് ക്ഷേത്ര കാണാനായി ഇറങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു വീശിയ കുളിര്‍മയുളള കാറ്റില്‍ കശുമാവുകള്‍ തിങ്ങി നിറഞ്ഞ വിജനമായ തീരത്തിലൂടെ 26 കിലോമീറ്റര്‍ ബസയാത്ര.
       കൊണാര്‍ക്ക് സ‍ൂര്യക്ഷേത്രം.-- കല്ലില്‍ തീര്‍ത്ത മഹാകാവ്യം. ഉളിയും ചുറ്റികയും പാറയില്‍ ആഞ്ഞ് പതിച്ചപ്പോള്‍  പിറന്നു വീണത് എക്കാലത്തേയും വിസ്മയമായിരുന്നു. ആ മഹാത്ഭുതം തെല്ലൊന്ന് ആസ്വദിക്കണമെങ്കില്‍ ഒരു ദിവസമെങ്കിലും വേണം . പക്ഷെ ഞങ്ങളുടെ സമയം പരിമിതമാണല്ലോ . രഥോത്സവത്തിന് പുകഴ്പെറ്റ പുരിയിലെ ജഗന്നാദ ക്ഷേത്രം ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ക്ഷേത്രത്തില്‍ ചെലവഴിക്കുവാന്‍ ഒരു രാത്രി മുഴുവനുമുണ്ടായിരുന്നു. മഹാരഥമുരുളുന്ന വീതിയേറിയ തെരുവിലെ പ്രസരിപ്പുളള കാളകൂറ്റന്‍മാരുടെ വിക്രിയകളും കണ്ട്  അലഞ്ഞു നടന്നു. ഗ‍ൗഡിയാര്‍ മംത്തിലായിരുന്നുതലചായ്ക്കാനിടം കിട്ടിയത് . തൊണ്ടപൊട്ടുമാറുളള അലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. ഭജനയാണത്രെ . പുലര്‍ച്ച നാലര ആയതേയുളളൂ. ദൈവമേ ഇങ്ങനെയുമുണ്ടോ ഒരു പ്രാര്‍ത്ഥന. ഉത്തരേന്ത്യാക്കാരുടെ ഈ ഭജന ഇത്തിരി കടുപ്പം തന്നെ. പുറത്ത് നല്ല പകല്‍ വെളിച്ചം. ഭജന കേട്ട് സൂര്യഭഗവാനും ഞെട്ടിയുണര്‍ന്നു പോയതാകാം.
        രാവിലെ 6 ന് സ്റ്റേഷനിലെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട വണ്ടി കുളിച്ച് സുസ്മേരവദനനായി നില്‍ക്കുന്നു. വീണ്ടും 12 മണിക്കൂര്‍ തുടര്‍ച്ചയായ യാത്ര. ജാര്‍ഖണ്ഡ്, പശ്ചിബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ താണ്ടിയതായി മൊബൈല്‍ കന്പനിക്കാര്‍ അറിയിച്ചുകൊണ്ടിരുന്നു. നേരം പുലരുന്പോള്‍ വണ്ടി ബീഹാറിലെ വരണ്ട ഗ്രാമങ്ങളിലൂടെ വിയര്‍ത്തൊലിച്ച് ഓടുകയായിരുന്നു. ചൂട് കാറ്റ് തളളിക്കയറിവന്നു. ദൈന്യതയുടെ മുഖമുദ്ര പേറിയ ജനങ്ങളും അവര്‍ക്കിണങ്ങിയ പാര്‍പ്പിടങ്ങളും പിന്നിട്ട് ട്രെയിന്‍ നീങ്ങിക്കൊണ്ടിരുന്നു. ഉച്ചയോടെ ബീഹാറിലെ ഗയയിലെത്തി. ശ്രീബുദ്ധനും നളന്ദ സര്‍വശാലയ്‍ക്കും മറ്റും ജന്‍മം നല്‍കിയ നാടിന്‍റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ ദുഖം തോന്നി. ഗയ സ്റ്റേഷനില്‍ വണ്ടി നിന്നു. ഫല്‍ഗു നദിക്കരയിലെ വിഷ്ണുപാദം ക്ഷേത്രത്തിലെത്തിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. പിതൃ‍ക്കള്‍ക്കായി അവിടെ പിണ്ഡ ദാനം നടത്തി.
       വൈകുന്നേരം ബോധ്ഗയയിലേക്ക്. ശ്രീബുദ്ധന് ബോധോദയമുണ്ടായ സ്ഥലം. ശാന്തം ഗംഭീരം. ബുദ്ധനെ നാം മറന്നെങ്കിലും ജപ്പാന്‍കാര്‍ക്കും ചൈനക്കാര്‍ക്കും ടിബറ്റുകാര്‍ക്കും അങ്ങനെ മറക്കാനാവില്ലല്ലോ അവര്‍ ധാരാളമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഇതിനടിയില്‍ റയില്‍വേ ഞങ്ങള്‍ക്കിട്ടൊരു പണി തന്നു. ഞങ്ങളുടെ വണ്ടിയ്ക്ക് ബനാറസിലേക്ക് പോകാന്‍ ഇന്ന് സിഗ്നല്‍ തരില്ല എന്നു തീര്‍ത്തു പറഞ്ഞുകളഞ്ഞു. ലൈന്‍ ഭയങ്കര ബിസിയാണത്രേ. എന്തൊരു അക്രമം. ഇന്ന് പോയില്ലെങ്കില്‍ എല്ലാ പദ്ധതികളും അവതാളത്തിലാകും. 160 കിലോമീറ്റര്‍ സഞ്ചരിക്കണം. .ആര്‍ സി .ടി.സി. സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. 13 ബസ്സുകള്‍ അവര്‍ ഉടന്‍ ഏര്‍പ്പാടാക്കി. ഒരു ലക്ഷത്തിലേറെ രൂപയുടെ അപ്രതീക്ഷിത ചിലവ് അവര്‍ക്ക് വഹിക്കേണ്ടിവന്നു. രാത്രി ഭക്ഷണം ബിര്‍ലാ മന്ദിരത്തില്‍ വച്ച് കഴിച്ച ശേഷം ബീഹാറിനോട് വിടവാങ്ങി ബസില്‍ യു.പി.യിലേക്ക് തിരിച്ചു.
     പുലര്‍ച്ചയ്ക്ക‍് ഉണരുന്പോള്‍ ബസ് യു.പി.യിലെ വരാണസി എന്നും ബനാറസ് എന്നും പേരുളള കാശിയിലെത്തിയിരുന്നു. കാശി-- ഭാരതത്തിന്‍റെ പുണ്യഭൂമി. പക്ഷേ ചൂഷണത്തിന്‍റെയും ഭൂമിയാണിത്. പണം വാങ്ങി പുണ്യം അടിച്ചേല്‍പ്പിക്കാനായി ആര്‍ത്തലച്ചുവരുന്ന പൂജാരിമാരുടെയും മനുഷ്യ ശവശരീരം രൂചിക്കുന്ന അഘോരികളുടെയും ഭൂമി. ''സൂക്ഷിക്കണം ഇത് തട്ടിപ്പിന്‍റെ കേന്ദ്രമാണ്''. കാശിയില്‍ മുറുക്കാന്‍ കട നടത്തുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. ഗംഗയുടെ കടവില്‍ ആരുടെയെല്ലാമോ ചിതകള്‍ എരിയുന്നു. ഇവിടെ ശവങ്ങള്‍ക്കും മനുഷ്യര്‍ക്കും തമ്മില്‍ വലിയ അന്തരമില്ല. ശവങ്ങളായി മാറി ആത്മാവിന് മോചനം നല്‍കാന്‍ കൊതിച്ചു നടക്കുന്ന ഭക്തരുടെ മണ്ണാണിത്.
     ഭക്തര്‍ എറിയുന്ന നാണയത്തുട്ടുകള്‍ക്കായി കുട്ടികള്‍ ഗംഗയുടെ അടിത്തട്ടിലേക്ക് ഊളയിടുന്നു. ഗംഗ അവര്‍ക്ക് കളിപ്പൊയ്കയാണ്. ദീനതയാര്‍ന്ന കോലങ്ങളോടു കൂടിയ സൈക്കിള്‍ റിക്ഷാക്കാര്‍ ചുമച്ചുകൊണ്ട് റിക്ഷ ആഞ്ഞു ചവിട്ടുന്നു . അവരിലൊരാളുടെ യാചനയ്‍ക്കു വഴങ്ങി ഞങ്ങളില്‍ രണ്ടുപേര്‍ റിക്ഷയില്‍ കയറി. പക്ഷേ കിതച്ചുകൊണ്ട് റിക്ഷ ആഞ്ഞുചവിട്ടുന്ന ആ പാവത്തിന്‍റെ ദൈന്യത കണ്ട് കുറ്റബോധത്തോടെ അയാള്‍ ചോദിച്ചതിലേറെ കാശും കൊടുത്ത് പാതിവഴിയിലിറങ്ങി നടന്നു. ആ പാവം അന്പരപ്പോടെ ഞങ്ങളെ നോക്കി .
    പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെയുളള ഇടുങ്ങിയ വഴികള്‍ .  തലങ്ങനെയും വിലങ്ങനെയുമുളള ഇ‍ൗ ഊടുവഴികള്‍ ഒടുവില്‍ ഗംഗയുടെ വിരിമാറില്‍ ഘട്ടുകളെന്ന പേരില്‍ ലയിച്ചു ചേരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ചുറ്റിപോവുകതന്നെ ചെയ്യും. കാശി ഒരു സംസ്കാരമാണ്. സര്‍വ്വവും ത്യജിച്ച ഒരുകൂട്ടം മനുഷ്യരുടെ ലോകം. ചിതയിലെ വെളിച്ചം അവര്‍ക്ക് ദിവ്യപ്രകാശമാണ്. ഇഹലോകത്തില്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല. ആ വികാരം നമുക്ക് അന്യമാണ്. അത് ഉള്‍ക്കൊളളാന്‍ മനസ്സ് ആ തലത്തിലെത്തിലെത്തണം.
     ഞങ്ങള്‍ കാശിയില്‍ ബലികര്‍മ്മം നടത്തി. ഘട്ടുകളില്‍ നിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്തപ്പോള്‍ കാശിയുടെ അത്ഭുതകരമായ വേറൊരു മുഖം കണ്ടു. തികച്ചും ആധുനികമായ പട്ടണം. വന്‍ കെട്ടിടങ്ങളും പരിഷ്കൃത വേഷക്കാരായ ജനങ്ങളും നിറഞ്ഞ പട്ടണം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ കാന്പസ് ഞെട്ടിക്കുക തന്നെ ചെയ്തു. ആ കാന്പസിനോട് കിടപിടിക്കുവാന്‍ ഇന്ത്യയില്‍ വേറെ യൂണിവേഴ്സിറ്റുകളുണ്ടെന്നു തോന്നുന്നില്ല.
       ഞങ്ങള്‍ റൂമിലേക്ക് മടങ്ങി. രാത്രിയുടെ എതോ യാമങ്ങളില്‍ ഞെട്ടിയുണര്‍പ്പോള്‍ ഗംഗയുടെ കൂരിരുള്‍ തീരത്തെ ശ്മശാനത്തില്‍ മേലാസകലം ചുടലഭസ്മം വാരിപ്പൂശി എരിയുന്ന ചിതയിലെ മനുഷ്യമാംസം ആര്‍ത്തിയോടെ നോക്കി കൈയ്യില്‍ തലയോടുമായി ചിതയുടെ വെളിച്ചത്തില്‍ നൃത്തം ചെയ്യുന്ന അഘോരികളുടെ ശബ്ദം കാതുകളില്‍ മുഴങ്ങുന്നതായി തോന്നി.
     പിറ്റേ ദിവസം ടാക്സിയില്‍ സാരനാഥിലെത്തി. ദേശീയ ചിഹ്നം ഒന്ന്നേരില്‍ കാണാനുളള മോഹം കരസേനാ മേധാവി നുളളിക്കളഞ്ഞു. അങ്ങേരുടെ സന്ദര്‍ശനം കാരണം മ്യൂസിയത്തിലേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. വരാണസിയിലെ ബിര്‍ലാമന്ദിര്‍ കാലഭൈരവന്‍ ക്ഷേത്രം, ശ്രീബുദ്ധന്‍ ആദ്യമായി പ്രഭാഷണം നടത്തിയ സ്ഥലം എന്നിവിടങ്ങളിലൂടെയെല്ലാം കറങ്ങി. ഗംഗയിലെ വന്‍പാലങ്ങളെല്ലാം കയിറങ്ങിയപ്പോഴേക്കും കാശിയോട് വിടചൊല്ലാനുളള നേരമായി.
       ഞങ്ങളുടെ ട്രെയിന്‍ കുറ്റബോധത്തോടെ എകാന്തനായി കാശിയില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ കാശി റയില്‍വേ സ്റ്റഷനിലും ആ പാവത്തിനെ കയറ്റിയില്ല. 25 കിലോമീറ്റര്‍ അകലെയുളള മുഗള്‍ സരായി ജംഗ്ഷനിലാണ് മൂപ്പര്‍ക്ക് ഇടം കിട്ടിയത്. ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ സ്ഥലം. ശരാശരി 250 ട്രെയിനുകള്‍ ഒരു ദിവസം കയറിയിറങ്ങുന്ന പ്രധാന ജംഗ്ഷന്‍ . ഞങ്ങള്‍ ബസില്‍ മുഗള്‍ സരായിലെത്തി.
     രാത്രി 10 മണിയ്ക്ക് വണ്ടി പുറപ്പെട്ടു. യു.പി.യിലെ തന്നെ അലഹബാദ് ആയിരുന്നു ലക്ഷ്യം. അതിരാവിലെ അലഹബാദിലെത്തി. നെഹ്രുവിന്‍റെ ജന്‍മനാട്. തിങ്കളാഴ്ചയായതിനാല്‍ നെഹ്രുവിന്‍റെ വീട് സന്ദര്‍ശിക്കാനായില്ലെങ്കിലും പുറമേ നിന്നു കണ്ടു. പ്രസിദ്ധമായ കുംബമേളയ്ക്ക് വിരുന്നൊരുക്കുന്ന ഭൂമിയാണ് നാട്ടുകാര്‍ ഇലഹാബാദ് എന്നു വിളിക്കുന്ന അലഹബാദ്. പ്രയാഗയിലെ ത്രിവേണി സംഗമം ലക്ഷ്യമാക്കി ബസ് പുറപ്പെട്ടു. ഗംഗയുടെ വിശാലമായ ഒരു കടവില്‍ എത്തി. കടലുപോലെ ഗംഗയും യമുനയും നേര്‍ക്കുനേര്‍ ഒഴുകിവന്ന് ആവേശത്തോടെ ആശ്ളേഷിക്കുന്നത് നേരിട്ട് കാണാം. സരസ്വതിയാകട്ടെ ഭൂമിക്ക‍ടിയിലൂടെ നിഗൂഢമായി ഒഴുകിയെത്തി ഇവരുമായി ചേരുന്നു. ഈ ത്രിമൂര്‍ത്തി നദികളുടെയും സംഗമമാണ് ത്രിവേണീ സംഗമം. നദീമധ്യത്തിലെ സംഗമ സ്ഥാനത്തിലേ‍ക്ക് ബോട്ടില്‍ കയറി വേണം പോകാന്‍ . നൂറുകണക്കിന് ബോട്ടുകള്‍ ഇരകളെ കാത്ത് അവിടെ ഉണ്ടായിരുന്നു. നദീമധ്യത്തില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഫ്ളാറ്റ്ഫോമിന്‍റെയരികില്‍ ബോട്ട് നിറുത്തി. ത്രിവേണീ സംഗമത്തില്‍ മുങ്ങികുളിച്ചു. പ്രയാഗില്‍ നിന്ന് മടങ്ങി അലഹബാദ് റയില്‍വേ സ്റ്റഷനിലെത്തി.
      ഉച്ചയക്ക് അലഹബാദിനോട് വിടവാങ്ങി. പുലര്‍ച്ചെ ഉത്തര്‍ഖണ്ഡിലെത്തുന്പോള്‍ പുതപ്പും ചുറ്റി പ്യൂപ്പയുടെ അവസ്ഥയിലായിരുന്നു യാത്രികരെല്ലാം. നല്ല തണുപ്പ്. ഹരിദ്വാര്‍ സ്റ്റേഷനില്‍ നിന്ന് ഗംഗയുടെ കരയിലുളള മംത്തിലേക്ക് ഓട്ടോയില്‍ യാത്ര . ഗംഗയുടെ പരിശുദ്ധി അറിയണമെങ്കില്‍ ഹരിദ്ധ്വാറിലെത്തണം. കുളിരു കോരിയിടുന്ന ജലം. സംതൃപ്തിയോടെ പലവട്ടം മുങ്ങി. ഗംഗാ സ്നാനത്തിന് ശേഷം ഡെറാഡൂണിലെത്തി. തിരിച്ചുവരുന്ന വഴി ഋഷികേശിലും ഇറങ്ങി. ഹരിദ്വാറില്‍ സായംസന്ധ്യക്ക് നടന്ന ഭക്തിനിര്‍ഭരമായ ഗംഗാ ആരതിയിലും പങ്കെടുത്ത് രാത്രി ഉത്തരഖണ്ഢിനോട് വിടവാങ്ങി.
         ഡല്‍ഹിയിലെ സഫര്‍ദ്ജംഗ് റയില്‍വേ സ്റ്റഷനിലെത്തുന്പോള്‍ തലസ്ഥാന നഗരി ഉണര്‍ന്നിട്ടില്ലായിരുന്നു. ബസില്‍ രാജേന്ദ്ര നഗറിലുളള ഒരു ഹാളില്‍ എത്തി. 9 മണിയോടെ ദില്ലി നഗരം കാണാനിറങ്ങി. ദില്ലിയുടെ കനത്ത ചൂട് അസഹനീയം. പുഷ്പങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങളാലും ഗംഭീരമായ അംബരചുംബികളാലും സന്പന്നമായ ന്യൂഡെല്‍ഹിയിലെ വീതിയേറിയ തെരുവീഥിയിലൂടെ ഞങ്ങളുടെ ബസ് മന്ദം മന്ദം നീങ്ങി. രസികനായ ഡ്രൈവര്‍ നര്‍മ്മം കലര്‍ന്ന ഭാഷയില്‍ ഓരോ കാര്യങ്ങളും വിവരിച്ചു തന്നു. കുത്തബ്മിനാര്‍ ലോട്ടസ് ടെന്പിള്‍ ഗാന്ധിജി, ലാല്‍ബഹദൂര്‍ശാസ്ത്രി, ഇന്ദിരാഗാന്ധി , രാജീവ് ഗാന്ധി തുടങ്ങിയവരുടെ സമാധികളുളള രാജ്ഘട്ടും കണ്ട് ഉച്ചയൂണ് ഇന്ത്യാഗേറ്റിന്‍റെ ഗാംഭീര്യം ആസ്വദിച്ചുകൊണ്ട് കഴിച്ചു. പാര്‍ലമെന്‍റും രാഷ്ട്രപതിഭവനും ഒന്ന് വലം വയ്ക്കാനേ കഴിഞ്ഞുളളൂ. ബസ് പാര്‍ക്കിങ്ങിന് അനുവാദമില്ല. സോണിയാഗാന്ധിയുടെ വീടും പിന്നിട്ട് ഇന്ദിരാഗാന്ധിയുടെ വീട്ടിലെത്തി. കാണാനേറെയുണ്ട് ആ വീട്ടില്‍ . നെഹ്റുവിന്‍റെ വീടായ തീന്‍മൂര്‍ത്തി ഭവനിലെത്തിയതോടെ നഗരപ്രദക്ഷിണത്തിന് വിരാമമായി. വൈകുന്നേരം കരോള്‍ബാഗില്‍ ഒരു ഷോപ്പിങ്ങ്. ഡല്‍ഹി മെട്രോയില്‍ കയറി. ഗംഭീരം. മലയാളിയായതില്‍ അഭിമാനിച്ചു. ശ്രീധരനെ മനസാ വന്ദിച്ചു. രാത്രിയില്‍ ഡല്‍ഹി മെട്രോയുടെ താരാട്ടും കേട്ടുറങ്ങി.
        പുലര്‍ച്ചയ്ക്ക് സഫര്‍ദ്ജംഗ് റയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു. ഈറോഡില്‍ നിന്നു ഞങ്ങളോടൊപ്പം വന്ന ഒരു തമിഴ്സഹയാത്രിക കടുത്ത ശ്വാസ തടസ്സത്താല്‍ മരണമടഞ്ഞു. അവര്‍ കൊതിച്ചത് നടന്നു. കാശിയാത്രയോടെ ജീവിതവിരാമം. അവരുടെ ഭ‍ൗതിക ശരീരം വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ ഐ.ആര്‍ സി .ടി.സി. എര്‍പ്പാടുകള്‍ ചെയ്തു.
      ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ വണ്ടി നീങ്ങി. ഇവിടെ കണ്ടത് ഡല്‍ഹിയുടെ മറ്റൊരു മുഖം. ചേരികളും പൊടിപുരണ്ട തെരുവുകളുമുളള ഡല്‍ഹി. എതു നഗരത്തിനുമുണ്ട് ഇത്തരമൊരു മുഖം. എല്ലാവരും മറയ്ക്കാനാഗ്രഹിക്കുന്ന മുഖം. ഹരിയാനയിലെ ചിട്ടികളുടെ നാടായ ഫരീദാബാദും കടന്ന് ട്രെയിന്‍ യു.പി.യിലെ മഥുരയിലെത്തി. സമയം വൈകിയതിനാല്‍ ശ്രീകൃഷണ ജന്‍മസ്ഥലില്‍ ചെലവഴിക്കാന്‍ എറെ സമയമില്ലായിരുന്നു. ഉച്ചയ്‍ക്ക് ആഗ്രയിലേക്ക്. ആറുമാസം മുന്പ് താജ്മഹല്‍ കണ്ടിരുന്നതിനാല്‍ ഇത്തവണ താജ്മഹല്‍ ഒഴിവാക്കി ആഗ്രാ ഫോര്‍ട്ടിലേയ‍്ക്ക് നീങ്ങി. ആ വന്പന്‍ കൊട്ടാരത്തില്‍ കയറിയപ്പോള്‍ ആകെ അന്ധാളിച്ചുപോയി. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നറിയാനാവാത്ത അവസ്ഥ. ഷാജഹാന്‍റെയും അക്ബറുടെയും ഒ‍ൗറംഗസീബിന്‍റെയും പാദസ്പര്‍ശമേറ്റ ആ കൊട്ടാരവഴികളിലൂടെ ഗതകാല സ്മരണകളും അയവിറക്കി നടന്നു. ഒ‍ൗറംഗസീബ് ഷാജഹാനെ പാര്‍പ്പിച്ച തടവറയുടെ മുന്നിലെത്തിയപ്പോള്‍ മനസ്സ് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ചിറകടിച്ചു. ഇ‍ൗ ഇടുങ്ങിയ മുറിയില്‍ കിടന്നായിരുന്നു യമുനയുടെ മറുകരയിലുളള താജ്മഹല്‍ തന്‍റെ അവസാന നാളുകളില്‍ നെടുവീര്‍പ്പോടെ ഷാജഹാന്‍ നോക്കിനിന്നത്. ഈ കൊട്ടാരത്തിലെ ഓരോ ചുവരുകള്‍ക്കും എന്തെല്ലാം കഥകള്‍ പറയാനുണ്ടാവും.
         8 മണിയായപ്പോള്‍ ആഗ്ര റയില്‍വേ സ്റ്റഷനിലേക്ക് ഞങ്ങളുടെ പ്രിയപ്പെട്ട വണ്ടി മന്ദം മന്ദം കടന്നു വന്നു. ഞങ്ങള്‍ മടങ്ങുകയായി. ഇന്ന് തീയ്യതി എത്രയാണെന്ന് ആരോ ചോദിക്കുന്നതു കേട്ടു. സ്ഥലകാലബോധമെല്ലാം ഞങ്ങള്‍ക്ക് എന്നേ നഷ്ടപ്പെട്ടിരുന്നു. യാത്ര തുടങ്ങി 12 ദിവസം പിന്നിട്ടിരിക്കുന്ന എന്ന് ഓര്‍ത്തപ്പോള്‍ വിശ്വസിക്കാനാവുന്നില്ല.
      14 ദിവസത്തെ ഇന്ത്യയെ കണ്ടത്തെലിന്‍റെ വിലമതിക്കാനാവത്ത അനുഭവങ്ങളുമായി 7120 കിലോമീറ്റര്‍ ഞങ്ങള്‍ താണ്ടിയിരിക്കുന്നു. യു.പി. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര ആന്ധ്ര തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കത്തുന്ന ചൂടിലൂടെ ഇനി നാട്ടിലേക്ക്മടങ്ങുകയായി. ഇന്ത്യയുടെ മുഖമുദ്ര വൈവിധ്യമാണ്. അത് അനുഭവിച്ചു തന്നെ അറിയണം. 28-4-2012 ന് രാത്രി 10 മണിയക്ക് ഈറോഡ് റയില്‍വേ സ്റ്റേഷനില്‍ കാല്‍ കുത്തിയപ്പോള്‍ അഘോരികളുടെ ചുടല നൃത്തത്തിന്‍റെ താളം മനതാരിലെവിടയോ മുഴങ്ങുന്നതായി തോന്നി.
           

അഘോരി-- ഇവരില്‍ ചിലര്‍  മനുഷ്യന്‍റെ ശവം ഭക്ഷിക്കാറുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

അഘോരികളുടെ  ഒരു  കേന്ദ്രം

കൊണാര്‍ക്ക് ക്ഷേത്രത്തിലെ പ്രശസ്തമായ രഥചക്രം. ഇത്തരം 12 ചക്രങ്ങളുണ്ട്  ഈ ക്ഷേത്രത്തിന്

       
ഇന്ദിരാഗാന്ധി വെടിയേറ്റു വീഴുമ്പോള്‍ ധരിച്ചിരുന്ന സാരിയും ചെരിപ്പും
പുരി ജഗന്നാദ ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം നടക്കുന്ന തെരുവ്
ഡെല്‍ഹിയിലെ മെട്രോ റെയില്‍.  റോഡ് ഗതാഗതത്തിന് തടസമുണ്ടാക്കാത്ത രീതിയില്‍ കടന്നുപോവുന്നു
ആഗ്രാ ഫോര്‍ട്ടില്‍ നിന്നുളള താജ്മഹലിന്‍റെ കാഴ്ച
കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

ഹരിദ്വാറിലെ ഗംഗാ നദിക്ക് കുറുകെയുളള  
ലക്ഷ്മണ്‍ജൂല  തൂക്കുപാലം
ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍
 ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലം
മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലം


കുത്തബ് മീനാര്‍
ത്രിവേണീ സംഗമത്തിലേയ്ക്കുളള യാത്ര
രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം
 
കാശിയിലെ ഇടുങ്ങിയ തെരുവ്


ഇന്ദിരാ ഗാന്ധി വെടിയേറ്റ വീണ സ്ഥലം


രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ധരിച്ചിരുന്ന 
വസ്ത്രം

കാശി--  ഗംഗയുടെ കരയില്‍  ശവം എരിയുന്നു

ബീഹാറിലെ ഗയയിലെ വിഷ്ണുപദം
 ക്ഷേത്രത്തിലെ പിണ്ഢദാന കര്‍മ്മം


കൈലാസ ഗിരിയില്‍ നിന്നുളള 
വിശാഖപട്ടണം നഗരത്തിന്‍റെ കാഴ്ച
സാരനാഥിലെ ഒരു സ്തൂഭം
റോഡിലെ സ്ഥലം അപഹരിയ്ക്കാതെ 
 കടന്നു പോവുന്ന ഡെല്‍ഹിയിലെ മെട്രോ

ആഗ്രാഫോര്‍ട്ട്
കുത്തബ് മീനാറിന്‍ എതിര്‍വശത്ത്
 പണിതീരാതെ അവസാനിപ്പിച്ച 
മറ്റൊരു മീനാര്‍

ഹിമാലയ നിരകളുടെ മടിത്തട്ടില്‍ 
മയങ്ങുന്ന ഋഷികേശ്




കുത്തബ് മീനാറിനടുത്തുളള  ഇരുമ്പ് സ്തൂപം.  ആയിരക്കണക്കിന് വര്‍ഷം പഴക്കമുളള ഈ തൂണിന് ഇതുവരെ തുരുമ്പ് പിടിച്ചിട്ടില്ല. പുരാതന ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ ഒരു  അത്ഭുത സൃഷ്ടി

തീന്‍മൂര്‍ത്തിഭവന്‍

ശ്രീബുദ്ധന്‍ തപസ്സനുഷ്ടിച്ച ബോധിവൃക്ഷം

 


 ഇന്ദിരാഗാന്ധി മ്യൂസിയത്തിലുളള 
മാതൃഭൂമി പത്രത്തിന്‍റെ പകര്‍പ്പ്
കുത്തബ്മീനാര്‍
ചുവന്ന മാര്‍ബിളും വെളളമാര്‍ബിളും  
വിദഗ്ദമായി സമ്മേളിച്ചപ്പോള്‍-  ആഗ്രാ കോട്ട
കൊണാര്‍ക്കിലെ ശില്‍പങ്ങള്‍ തകര്‍ക്കപ്പെ‍ട്ട നിലയില്‍
താജ്മഹല്‍
ശ്രീബുദ്ധന്‍ ആദ്യമായി പ്രഭാഷണം 
നടത്തിയ സ്ഥലം - സാരനാഥ്
ഗംഗാ നദിയിലൂടെ ഒരു സാഹസസികയാത്ര
ഗംഗ,യമുന, സരസ്വതീ- -ത്രിവേണീ സംഗമം
കുതിച്ചൊഴുകുന്ന ഗംഗയില്‍ ആരതി നടത്തുന്നു.
കൊണാര്‍ക്ക്  ക്ഷേത്തത്തില്‍ കൊത്തിവച്ച
ജിറാഫിന്‍റെ പ്രതിമ. പുരാതന ഇന്ത്യയിലെ

 ജനങ്ങള്‍ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നതിന്‍റെ 
തെളിവാണ് 
ഈ ശില്‍പം
സാരനാഥിലെ ബുദ്ധവിഹാരം. 
 ഋഷികേശിലൂടെ ഒഴുകുന്ന ഗംഗ. 
ഇവിടെ ഗംഗയില്‍ മാലിന്യങ്ങളില്ല

ന്യൂഡെല്‍ഹിയിലെ തീന്‍മൂര്‍ത്തിഭവന്‍

ഋഷികേശിലെ ഗംഗാ നദിക്ക് കുറുകെയുളള
 ലക്ഷ്മണ്‍ജൂല തൂക്കുപാലം


No comments:

Post a Comment